
കർണാടകം: സംസ്ഥാന പി എസ് സിയിൽ നടന്ന ഗുരുതരമായ ക്രമക്കേടുകളുടെയും അഴിമതിയുടെയും ഞെട്ടിപ്പിക്കുന്ന വിശദാംശങ്ങളാണ് സി ഐ ഡി അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.ചെയർമാൻ ശിവശങ്കരപ്പ സഹുകാരുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തള്ളി. അദ്ദേഹവും കുടുംബവും പി എസ് സിയിൽ നടത്തിയ അന്യായമായ ഇടപെടലുകളെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് സി ഐ ഡി സമർപ്പിച്ച സാഹചര്യത്തിലാണ് ഗുരുതരമായ പരാമർശങ്ങളോടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അയാളുടെ മകൾ പി എസ് സി സെലക്ഷനായി വ്യാജരേഖകൾ ഹാജരാക്കിയതിന്റെയും മകൻ പി എസ് സി യുടെ പ്രവർത്തനങ്ങളിൽ ഇടപെട്ടതിന്റെയും തെളിവുകൾ സി ഐ ഡി ഹൈക്കോടതിയിൽ ഹാജരാക്കിയിരുന്നു. രണ്ടുതവണയാണ് ഗവർണർ ശിവശങ്കരപ്പയെ ചെയർമാൻ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തത്. ചോദ്യം ചെയ്യലിനായി ഇയാൾ സി ഐ ഡി മുമ്പാകെ ഹാജരായിരുന്നു. എന്നാൽ മുൻകൂർ ജാമ്യഹരജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ അയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.അപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റ് ഉണ്ടായേക്കും. 400 വെറ്റിനറി ഓഫിസർമാരെ പി എസ് സി വഴി നിയമിക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്ന് പണം കൈപ്പറ്റിയ ഇടപാടിൽ ചെയർമാന് പങ്കുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരീക്ഷ കൺട്രോളറായിരുന്ന ഗ്യാന കുമാർ ഗാങ് വർ ഐ എ എസ്, പ്രധാന ഏജന്റ് എന്ന് സംശയിക്കപ്പെടുന്ന തുംകൂർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം ബസവരാജ് കന്നലെ എന്നിവർ ജയിലിലാണ്. ഈ വർഷം ജനവരിയിൽ നടന്ന പരീക്ഷയുടെ തലേദിവസം 28 ഉദ്യോഗാർഥികളെ ദേവനഹള്ളിയിലെ റിസോർട്ടിലെത്തിച്ച് ചോദ്യപേപ്പർ വിതരണം ചെയ്തതിന്റെയും പരീക്ഷയെഴുതാൻ പരിശീലനം നൽകിയതിന്റെയും തെളിവുകൾ സി ഐ ഡിയ്‌ക്ക് ലഭിച്ചിട്ടുണ്ട്. ഉദ്യോഗാർഥികളിൽ നിന്ന് ഏജന്റ് വഴി ലക്ഷങ്ങൾ കോഴ വാങ്ങിയാണ് അവരെ റിസോർട്ടിൽ എത്തിച്ചതത്രേ. ഗ്യാനകുമാർ, ബസവരാജ് കന്നലെ എന്നുവരുമായി ചെയർമാൻ പല തവണ നേരിട്ട് ബന്ധപ്പെട്ടതിന്റെയും ഇന്റർനെറ്റ് കോളുകൾ നടത്തിയതിന്റെയും തെളിവുകൾ സി ഐ ഡി ശേഖരിച്ചിട്ടുണ്ട്. ഇഡിയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. ചെയർമാന്റെ വസതി ഉൾപ്പെടെ പല ഇടങ്ങളും ഇഡി റെയ്ഡ് ചെയ്തിരുന്നു. ബിജെപിയുടെ ഭരണ കാലയളവിലാണ് സഹുകാർ ചെയർമാനായി നിയമിതനായത്. പ്രധാന ഏജന്റ് ബസവരാജ് കന്നലെയ്‌ക്ക് ബിജെപി ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. അതിനാൽ പി എസ് സി കേസ്സിന് പ്രകടമായ രാഷ്ട്രീയമാനവും കൈവന്നിട്ടുണ്ട്. കേസ് അട്ടിമറിക്കാനാണ് ഇഡി അന്വേഷണം നടത്തുന്നതെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. അന്വേഷണത്തിൽ രാഷ്രീയ വടംവലി ദൃശ്യവുമാണ്. തട്ടിപ്പിൽ പങ്കുണ്ടെന്ന് കരുതുന്ന പി എസ് സി അംഗം ശാന്ത ഹൊസമണിയ്ക്കായുള്ള തെരച്ചിൽ സി ഐ ഡി ശക്തിപ്പെടുത്തിയിട്ടുണ്ട്. ഇവർ രാജ്യം വിട്ടുപോകാതിരിക്കാൻ അന്വേഷണ സംഘം ജാഗ്രത പാലിക്കുന്നുണ്ട്. പി എസ് സിയിൽ നടന്ന അതീവ ഗുരുതരമായ തട്ടിപ്പും അഴിമതിയുമാണ് സംസ്ഥാനമൊട്ടാകെ ഗൗരവപൂർവം ചർച്ചയാകുന്നത്.
Photo Courtesy - Google










